തൃശ്ശൂർ: തൃശ്ശൂരിലെ വിവേകോദയം സ്കൂളിൽ വെടിവയ‌്പ്. പൂർവ വിദ്യാർത്ഥിയായ ജഗൻ ആണ് മൂന്ന് തവണ വെടിയുതിർത്തത്. അദ്ധ്യാപകരെയും വിദ്യാർത്ഥികളെയും ഭീഷണിപ്പെടുത്തിയതിന് ശേഷമാണ് ജഗൻ വെടിയുതിർത്തത്. മുളയം സ്വദേശിയായ ജഗനെ സ്കൂൾ ജീവനക്കാർ കീഴ്‌പ്പെടുത്തി പൊലീസിനെ ഏൽപ്പിക്കുകയായിരുന്നു. ഇയാൾ ലഹരിക്ക് അടിമയാണെന്നാണ് ലഭിക്കുന്ന വിവരം. എയർഗൺ ആണ് ഇയാളുടെ പക്കൽ ഉണ്ടായിരുന്നത്. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല എന്നതാണ് ഏറ്റവും ആശ്വാസകരമായ കാര്യം. വിദ്യാർത്ഥികളുടെ സൈക്കിൾ പാർക്ക് ചെയ‌്ത സ്ഥലത്തെത്തി ഭീകരാന്തരീക്ഷം സൃഷ്‌ടിച്ചതിന് ശേഷമാണ് ജഗൻ അദ്ധ്യാപകരുടെ റൂമിലെത്തിയത്. ആക്രമണത്തിന് പിന്നിലെ കാരണമെന്താണെന്ന് പൊലീസ് അന്വേഷിച്ച് വരികയാണ്. സ്കൂളിലെ ചില വിദ്യാർത്ഥികളുടെ പേര് പറഞ്ഞാണ് ജഗൻ എത്തിയതെന്ന വിവരങ്ങൾ ലഭിക്കുന്നുണ്ട്. ഇയാളെ കൂടുതൽ ചോദ്യം ചെയ‌്തതിന് ശേഷമേ അക്കാര്യത്തിൽ വ്യക്തത വരികയുള്ളൂ.
തൃശ്ശൂരിലെ സ്കൂളിൽ വെടിവയ‌്പ്, പൂർവ വിദ്യാർത്ഥി പിടിയിൽ
Date:






