ആൾത്തിരക്കുള്ള ബസ് സ്റ്റാൻഡിലിരുന്ന് ഭക്ഷണം കഴിക്കുന്ന യുവാവ്. അടുത്തു ചെന്നവർ ഞെട്ടി. പൂച്ചയുടെ ശരീരാവശിഷ്ടങ്ങളാണ് പച്ചയ്ക്കുതിന്നുന്നത്. നാട്ടുകാർ വിവരമറിയിച്ചതിനെത്തുടർന്നു സ്ഥലത്തെത്തിയ പൊലീസ് മാംസാവശിഷ്ടം യുവാവിന്റെ കയ്യിൽ നിന്നെടുത്തു കളഞ്ഞു. പൊലീസിനോട് ഇയാൾ പറഞ്ഞത് 4 ദിവസമായി ഭക്ഷണം കഴിച്ചിട്ട് എന്നാണ്. പൊലീസ് ഇയാൾക്ക് ഭക്ഷണം വാങ്ങിക്കൊടുത്തു. പൊലീസ് നൽകിയ ഷവർമയും പഴവും ആർത്തിയോടെ കഴിച്ച യുവാവു പിന്നീട് ആൾത്തിരക്കിൽ മറഞ്ഞു. ഇന്നലെ വൈകിട്ട് അഞ്ചിനു കുറ്റിപ്പുറം ബസ് സ്റ്റാൻഡിലാണു സംഭവം. നന്നായി വസ്ത്രം ധരിച്ച യുവാവ് പൊതിയിൽനിന്ന് എന്തോ എടുത്തു കഴിക്കുന്നതു പലരും കണ്ടു. ദുർഗന്ധം വമിച്ചപ്പോൾ വ്യാപാരികൾ അടുത്തു ചെന്നു നോക്കി. തുടർന്നു പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. യുവാവിനെ കുറ്റിപ്പുറത്ത് മുൻപു കണ്ടിട്ടില്ലെന്ന് നാട്ടുകാരും വ്യാപാരികളും പറഞ്ഞു. ട്രെയിനിറങ്ങി ബസ് സ്റ്റാൻഡിൽ എത്തിയതാണെന്നു കരുതുന്നു.#malappuram
പട്ടിണി കാരണം പൂച്ചയെ പച്ചയ്ക്ക് തിന്ന് യുവാവ്
Date:






